ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുൽവാമയിൽ ജവാന്മാർ രാജ്യത്തിനായി നടത്തിയ ജീവത്യാഗം എല്ലാകാലവും രാജ്യം ഓർക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രി വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമം അർപ്പിച്ചത്.
‘പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമം. നിങ്ങളുടെ സേവനവും ത്യാഗവും രാജ്യം എല്ലായിപ്പോഴും ഓർക്കും.’- പ്രധാനമന്ത്രി കുറിച്ചു.
I pay homage to the brave heroes who were martyred in Pulwama. Their service and sacrifice for our nation will always be remembered.
— Narendra Modi (@narendramodi) February 14, 2024
49 സൈനികർ വീരമൃത്യു വരിച്ച പുൽവാമയിലെ ആക്രമണത്തിന്റെ ഓർമ്മ പുതുക്കുകയാണ് രാജ്യം. 2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ ലെത്താപ്പോരയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ആറ് ഭീകരരെ വകവരുത്തുകയും ഏഴ് പേരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറായിരുന്നു ഏക മലയാളി. ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ.















