തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ പ്രമേയത്തിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ ഭരണ-പ്രതിപക്ഷ പാർട്ടികൾ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇത്രയും അപഹാസ്യകരമായ പ്രമേയം ഇതുവരെ ആരും പാസാക്കിയിട്ടില്ല. ആനയെയും കടുവയെയും ഇറക്കിവിടുന്നത് നരേന്ദ്രമോദിയാണെന്ന് പറഞ്ഞില്ല അതാണ് ആകെയുള്ള ആശ്വാസമെന്നും മുരളീധരൻ പരിഹസിച്ചു.
പിണറായി വിജയനും ശശീന്ദ്രനും എന്തിനാണ് കേരളത്തിന്റെ ഭരണാധികാരികളായി ഇരിക്കുന്നത്. പെൻഷൻ കിട്ടിയില്ലെങ്കിൽ മോദി, അരി കിട്ടിയില്ലെങ്കിൽ മോദി. ആനയെയും പുലിയെയും തടയാൻ കേന്ദ്ര നിയമം വേണം എന്ന് പറയാൻ അപാര തൊലിക്കട്ടി വേണം.
വന്യജീവികളുടെ ആക്രമണം തടയാൻ കേന്ദ്ര സർക്കാർ 31 കോടി കേരളത്തിന് അനുവദിച്ചു. ആ തുക എന്ത് ചെയ്തു. 700-ലധികം പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. അവരുടെ കുടുംബത്തിന് ധനസഹായം കൊടുത്തോ..കേന്ദ്രമന്ത്രി ചോദിച്ചു.
വന്യജീവികൾ ജനവാസ മേഖലയിലിറങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കേന്ദ്ര സർക്കാർ നിയമഭേദഗതി ഇറക്കിയിരുന്നു. അതിർത്തി ഭിത്തികൾ, മുള്ള് വേലികൾ ഇതൊക്കെ സ്ഥാപിക്കാനായി നിർദ്ദേശം നൽകി. ഇതൊന്നും സംസ്ഥാനം നടപ്പിലാക്കിയിട്ടില്ല. കേരളത്തിലെ ജനങ്ങളെ അപഹാസ്യരാക്കുകയാണ് പിണറായി സർക്കാർ. നിയമസഭയെ കോമാളി ആക്കരുതെന്നും മുരളീധരൻ വിമർശിച്ചു.