പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ്- മോഹൻലാൽ-മുരളീഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. 2019-ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് L2 എമ്പുരാൻ. ഖുറേഷി എബ്രഹാം എങ്ങനെ സ്റ്റീഫൻ നെടുമ്പള്ളിയായി എന്നറിയാനുള്ള മലയാളികളുടെ കാത്തിരിപ്പിന്റെ പേരാണ് എമ്പുരാൻ.
മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ള ക്യാൻവാസിലായിരിക്കും ചിത്രമെത്തുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുറത്തു വന്ന വാർത്തകൾ സത്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്. മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയായിരിക്കും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പ്രതികരിച്ചിരിക്കുന്നത്.
“എല്ലാ വിധത്തിലും മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും എമ്പുരാൻ. കാസ്റ്റിംഗിലും ലൊക്കേഷനിലും ബഡ്ജറ്റിലുമെല്ലാം വലിയ സിനിമ. സിനിമയുടെ രണ്ട് ഷെഡ്യൂൾ ഇതിനോടകം തന്നെ കഴിഞ്ഞു. ഇന്ത്യയിലെയും യുകെയിലെയും ഷെഡ്യൂൾ കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ യുഎസിൽ അടുത്തയാഴ്ച തുടങ്ങുകയാണ്. അവിടെയാണ് ഗോവർദ്ധൻ ജോയിൻ ചെയ്യുന്നത്. സത്യാന്വേഷണങ്ങൾ നടത്തി കുറേ സത്യങ്ങൾ തേടി ഗോവർദ്ധൻ അമേരിക്കയിൽ എത്തിയിരിക്കുകയാണ്”- ഇന്ദ്രജിത്ത് പറഞ്ഞു.