തിരുവനന്തപുരം: സപ്ലൈകോ വഴി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു. 55 ശതമാനം സബ്‌സിഡിയാണ് 13 സാധനങ്ങൾക്ക് നൽകിയിരുന്നത്. ഇത് 35 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. സ്‌പ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയാണ് വിലവർദ്ധിപ്പിക്കാൻ കാരണം. വിദഗ്ധ സമിതി റിപ്പോർട്ടിനെ തുടർന്നാണ് വിലവർദ്ധിപ്പിച്ചിരിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില വർദ്ധിക്കുക.
സപ്ലൈകോയ്‌ക്കു സർക്കാർ നൽകാനുള്ള കുടിശിക 2466.10 കോടി രൂപയാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
വിലക്കയറ്റം തടയാൻ സബ്‌സിഡി സാധനങ്ങൾ വാങ്ങിയ സപ്ലൈകോയ്‌ക്ക് സർക്കാർ നൽകിയ സഹായം 215 കോടിയാണ്. 2021 മുതൽ 2024 വരെ 13 ഇനം സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ 2789.18 കോടി രൂപയാണ് സപ്ലൈകോ ചെലവഴിച്ചത്. ഇവ വിറ്റത് വഴി 1694.63 കോടി ലഭിച്ചു. 1094.55 കോടി രൂപയാണ് ആകെ നഷ്ടം.















