അഗർത്തല: ത്രിപുര ഗവൺമെന്റ് ആർട്ട് ആന്റ് ക്രാഫ്റ്റ് കോളേജിൽ സരസ്വതി ദേവിയുടെ പ്രതിമ വികലമായി പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധം. കോളേജ് ക്യാമ്പസിലാണ് പരമ്പരാഗത രീതിയിൽ സാരി ധരിക്കാതെ പ്രതിമ പ്രദർശിപ്പിച്ചത്.
കോളേജ് അധികൃതരുടെ നടപടിക്കെതിരെ ക്യാമ്പസിൽ എബിവിപി പ്രതിഷേധം സമരം സംഘടിപ്പിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം നീക്കങ്ങളെ സംഘടന ശക്തമായി എതിർക്കുന്നതായി എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിബാകർ ആചാര്യ പറഞ്ഞു.
”ഇന്ന് ബസന്ത് പഞ്ചമിയാണ്, രാജ്യമെമ്പാടും സരസ്വതി ദേവിയെ ആരാധിക്കുന്ന ദിനം. ലിച്ചുബാഗനിലെ കോളേജിൽ സരസ്വതി ദേവിയുടെ വിഗ്രഹം വളരെ മോശമായും വികലമായും പ്രദർശിപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സാരി ധരിപ്പിക്കാൻ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജ് അതോറിറ്റിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹയോട് ആവശ്യപ്പെട്ടതായും”- ദിബാകർ ആചാര്യ കൂട്ടിച്ചേർത്തു.