തിരുവനന്തപുരം: സബ്‌സിഡി നിരക്കിൽ സ്‌പ്ലൈകോ വഴി നൽകിയിരുന്ന 13 സാധനങ്ങൾക്കും വിലകൂടി. 35% വിലവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വിപണി വിലയനുസരിച്ച് സ്‌പ്ലൈകോയിലെ സാധനങ്ങളുടെ വിലയിലും മാറ്റം പ്രകടമാകും.
സബ്‌സിഡി സാധനങ്ങളുടെ പുതുക്കിയ വില, പഴയ വില ബ്രാക്കറ്റിൽ
ഉഴുന്ന് ഒരു കിലോ- 95.28 (66 രൂപ)
ചെറുപയർ ഒരു കിലോ- 92.63 രൂപ (74 രൂപ)
വൻപയർ ഒരു കിലോ- 75.78 (45 രൂപ)
വൻകടല ഒരു കിലോ- 69.93 (43 രൂപ)
തുവരപ്പരിപ്പ് ഒരു കിലോ- 111.48 (65 രൂപ)
പഞ്ചസാര ഒരു കിലോ- 27.28 (22 രൂപ)
മല്ലി 500 ഗ്രാം- 78 (78 രൂപ )
മുളക് 500 ഗ്രാം- 82.07 (75 രൂപ)
വെളിച്ചെണ്ണ അര ലിറ്റർ- 55 .28 രൂപ (46 രൂപ)
പച്ചരി ഒരു കിലോ- 26.08 രൂപ ( 23 രൂപ)
ജയ അരി ഒരു കിലോ- 29.46 രൂപ (25 രൂപ)
മട്ട അരി ഒരു കിലോ- 30.86 രൂപ (24 രൂപ)
കുറുവ അരി ഒരു കിലോ- 30.05 രൂപ (25 രൂപ)
സപ്ലൈകോയെ രക്ഷിക്കാനാണ് സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചതെന്നായിരുന്നു മന്ത്രി ജി.ആർ അനിലിന്റെ ന്യായീകരണം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ് സപ്ലൈകോയ്‌ക്കുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ സാഹചര്യത്തിൽ സാധനങ്ങളുടെ വില കൂട്ടുക, അല്ലെങ്കിൽ കുടിശിക നൽകുക എന്നതായിരുന്നു സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യം. ഇതിൽ വില വർദ്ധനവെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയായിരുന്നു.
അതേസമയം, സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണ് സപ്ലൈകോയിൽ നിന്ന് സാധനം വാങ്ങിയിരുന്നത്. കഴിഞ്ഞ ആറുമാസമായി സബ്‌സിഡി സാധനങ്ങൾ ഉൾപ്പെടെയുള്ളവ പലയിടത്തും ലഭ്യമല്ല.















