അഹമ്മദാബാദ്: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ രാജ്യസഭയിലേക്ക് മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗുജറാത്തിൽ നിന്നാണ് ജെ.പി നദ്ദ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഗാന്ധിനഗറിലെത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ദേശീയ അദ്ധ്യക്ഷനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന ഗോവിന്ദ്ഭായ് ധൊലാക്യ, മായാഭായ് നായക്, ഡോ. ജസ്വന്ത്‌സിംഗ് പാർമർ എന്നിവരും പത്രിക സമർപ്പിച്ചു.
ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ, ഗുജറാത്ത്, കർണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. ഫെബ്രുവരി 27ന് രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ് തിരഞ്ഞെടുപ്പ്.