ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തി. രാജ്യസഭയിലേക്ക് മത്സരിക്കാൻ രാജസ്ഥാനിൽ നിന്ന് പത്രിക നൽകിയതിന് പിന്നാലെയാണ് സ്വത്ത് വിവരം പുറത്തുവന്നത്. ഇറ്റലിയിലെ കുടുംബ സ്വത്തിൽ ഇവർക്ക് ഓഹരിയുണ്ട്്. ലൂസിയാനയിലെ കുടുംബസ്വത്തിന്റെ ഓഹരി മൂല്യം ഏകദേശം 27 ലക്ഷമാണ്. 88 കിലോ വെള്ളിയും 1,267 ഗ്രാം സ്വർണവും മറ്റ് ആഭരണങ്ങളും സോണിയയുടെ പക്കലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞതിനേക്കാൾ 72 ലക്ഷം രൂപയുടെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം കാണിച്ചിരിക്കുന്നത്.
ഡൽഹിയിലെ ദേരാമണ്ടിയിൽ സോണിയയ്‌ക്ക് 2529.28 ചതുരശ്ര മീറ്റർ ഭൂമിയുണ്ട്. 5.88 കോടി രൂപയാണ് ഈ സ്ഥലത്തിന്റെ മൂല്യം. എം.പിയായിരുന്നപ്പോൾ ലഭിച്ച ശമ്പളം, റോയൽറ്റി വരുമാനം, നിക്ഷേപങ്ങളുടെ പലിശ, മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള ലാഭവിഹിതം എന്നിവയാണ് വരുമാന സ്രോതസ്സുകളായി സോണിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പുസ്തകങ്ങളിൽ നിന്നും സോണിയയ്‌ക്ക് റോയൽറ്റി ലഭിക്കുന്നുണ്ട്. പെൻഗ്വിൻ ബുക്ക് ഇന്ത്യ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, ആനന്ദ പബ്ലിഷേഴ്സ്, കോണ്ടിനെന്റൽ പബ്ലിക്കേഷൻസ് എന്നിവയുമായി സോണിയയ്‌ക്ക് കരാറുകളുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിൽ നിന്ന് 1.69 ലക്ഷം രൂപ റോയൽറ്റിയായി ലഭിച്ചിട്ടുണ്ട്. സ്വന്തമായ വാഹനങ്ങളില്ലെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.