ജമ്മു: അതിർത്തിയിലെത്തിയ രണ്ടു ഡ്രോണുകൾക്ക് നേരെ വെടിയുതിർത്ത് ഇന്ത്യൻ സൈന്യം. ജമ്മുവിലും കശ്മീരിലെ പൂഞ്ച് മേഖലയിലുമെത്തിയ പാകിസ്താൻ ഡ്രോണുകൾക്ക് നേരെയാണ് സൈന്യം വെടിയുതിർത്തത്. ഇതോടെ റിമോട്ടിൽ നിയന്ത്രിക്കുന്ന ഇവ തിരികെ അതിർത്തി കടന്ന് പാകിസ്താനിലേക്ക് പോയതായി സൈന്യം അറിയിച്ചു.
സുരക്ഷ സേന വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്. ലഹരിമരുന്നോ ആയുധങ്ങളോ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ വേണ്ടിയാണ് പരിശോധന.
ബലോനി മേഖലയിൽ രാവിലെ ആറരയോടെയാണ് ഡ്രോൺ സുരക്ഷ സേനയുടെ കണ്ണിൽപ്പെട്ടത്. തുടർന്നാണ് വെടിയുതിർത്തത്. അതേസമയം ഗുൽപൂർ സെക്ടറിൽ 2ഡ്രോണുകളാണ് അതിക്രമിച്ച് കടന്നത്. നിരന്തരമായി പാകിസ്താൻ ഭീകരവാദികൾ ആയുധവും ലഹരിമരുന്നും കടത്താനുള്ള ശ്രമം അതിർത്തിയിൽ നടത്തുന്നുണ്ടെന്ന് സൈന്യം അറിയിച്ചു.
ഇതിനിടെ വിവരം നൽകുന്നവർക്ക് ജമ്മു- കശ്മീർ പോലീസ് മൂന്ന് ലക്ഷം രൂപയുടെ പരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.