തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ സംസ്‌കൃത ഭാഷയെ വൃത്തികെട്ടതെന്ന് വിശേഷിപ്പിച്ചതിലൂടെ എഴുത്തുകാരൻ ജയമോഹന്റെ അജ്ഞതയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്.
വാൽമീകിയും വ്യാസനും ഭാസനും മാഘനും കാളിദാസനും തുടങ്ങി എണ്ണമറ്റ മഹാകവികൾ അവരുടെ വിശ്വോത്തരങ്ങളായ മഹാകാവ്യങ്ങൾ രചിച്ചിട്ടുള്ളത് ശ്രേഷ്ഠഭാഷയായ സംസ്‌കൃതത്തിലാണ്. അങ്ങനെയുള്ള സംസ്‌കൃത ഭാഷയെ, അക്ഷരോപാസകനായ ഒരു കവിക്ക് എങ്ങനെ വൃത്തികെട്ടത് എന്ന് വിശേഷിപ്പിക്കാനാകുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് പി എസ് ഗോപകുമാർ ചോദിച്ചു.
ഇതിഹാസ കാവ്യങ്ങൾ രചിച്ചതും സംസ്‌കൃതത്തിലാണ്. അത്തരം കാല – ദേശ – ഭാഷാതിവർത്തികളായ രചനകളെപ്പറ്റിയുള്ള അജ്ഞതയാണ് ജയമോഹനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. വൃത്തികെട്ടതിനെ സംസകൃതമെന്ന് പറയില്ലെന്നും സംസ്‌കരിച്ചെടുത്തതാണ് സംസ്‌കൃതമെന്നുമുള്ള സാമാന്യ വിവരം പോലും ‘കവി’ക്കില്ലെന്ന് വേണം കരുതാൻ. സാഹിത്യ ലോകത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത തന്നെ സ്വയം ഉയർത്തിക്കൊണ്ടു വരാനുളള വിടുവായത്തം വിളമ്പലായിട്ട് മാത്രമേ ഇതിനെ കാണാൻ കഴിയൂ.
സ്ത്രീകളായ എഴുത്തുകാർ രചനാ മികവ് കൊണ്ടല്ല ആദരിക്കപ്പെടുന്നതെന്നും മറിച്ച് ഗിമ്മിക്കുകൾ കാണിച്ച് മാദ്ധ്യമ ശ്രദ്ധയും ജനപ്രീതിയും നേടുകയാണെന്നുമുള്ള വിവാദ പരാമർശം നടത്തുകയും പിന്നീട് അതിൽനിന്ന് തലയൂരുകയും ചെയ്തയാളാണ് ജയമോഹൻ. ഇപ്പോഴത്തെ പരാമർശത്തിലൂടെ, സ്ത്രീകൾക്കെതിരായ തന്റെ പഴയ നിരീക്ഷണം അദ്ദേഹത്തിന് തന്നെയാണ് യോജിക്കുക എന്ന് തെളിയിച്ചിരിക്കുകയാണന്ന് പി എസ് ഗോപകുമാർ പറഞ്ഞു.















