കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. കവിതകളിലൂടെ സമൂഹത്തിൽ വർഗീയത ഇളക്കി വിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നത്. ഇങ്ങനെയുള്ള ഒരാളെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇപ്പോൾ തമ്പിച്ചേട്ടനെ പരിഹസിച്ചിട്ടുളള ആ സംഭവമില്ലേ? അതിന് പരിഹാരം ഞാൻ പറയാം. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി തയ്യാറാകണം. അഞ്ചെട്ടു കൊല്ലം മുമ്പ് സച്ചിദാനന്ദന്റെ ഒരു കവിത ഞാൻ കണ്ടു. ‘നീണ്ട ശവപ്പെട്ടിക്ക് പുറത്തേക്ക് നീണ്ടുനിൽക്കുന്ന കാലുകൾ. അത് നീലനിറമായത് കൊണ്ട് കൃഷ്ണനാണെന്ന് രാധ തിരിച്ചറിഞ്ഞു.’ ഇത്രയും മോശപ്പെട്ട കവിത ഞാൻ ഇതിന് മുമ്പ് വായിച്ചിട്ടില്ല. ആൾക്കാരെ എങ്ങനെയും ഇളക്കിവിട്ട് കയ്യും കാലും വെട്ടിക്കാനുള്ള ഒരു പരിപാടിയാണിത്. കേരള ഗാനത്തിന് പരിഹാരം കാണണം. അത് കൊടുക്കണമെന്ന് തന്നെയാണ് ഞാൻ പറയുന്നത്.
കേരളഗാനം, ചുള്ളിക്കാട് വിഷയങ്ങളിൽ കെ സച്ചിദാനന്ദൻ കുറ്റം ഏറ്റെടുത്തിരുന്നു. സാഹിത്യോത്സവത്തിന് വിളിച്ച് വരുത്തി മതിയായ യാത്രാക്കൂലി ഇല്ലാതെ മടക്കി അയച്ചെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആരോപണം വലിയ വിമർശനങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു കേരള ഗാനത്തിന്റെ പേരിൽ അക്കാദമി വെട്ടിലായത്. ശ്രീകുമാരൻ തമ്പിയോട് അക്കാദമി അങ്ങോട്ടായിരുന്നു കേരള ഗാനം ആവശ്യപ്പെട്ടത്. എന്നാൽ ഈ ഗാനം മതിയായ കാരണങ്ങളില്ലാതെ തളളുകയും മറ്റൊരാളുടെ ഗാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു. വലിയ വാദ പ്രതിവാദങ്ങൾക്കാണ് ഈ രണ്ട് സംഭവങ്ങളും വഴിവച്ചത്.















