പാലക്കാട്: ആലത്തൂരിൽ നിന്ന് അട്ടപ്പാടിയിലേക്ക് വരികയായിരുന്ന വൈക്കോൽ ലോറിയ്ക്ക് തീപിടിച്ചു. താവളം-മുള്ളി റോഡിൽ വേലംപടികയിലാണ് സംഭവം. ഇന്നലെ രാത്രി 12.30-ഓടെ വൈക്കോൽ കയറ്റി വന്ന ലോറിക്കാണ് തീപിടിച്ചത്.
കൃത്യസമയത്ത് ഈ വഴി റാപിഡ് റെസ്‌പോൺസ് ടീം എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയ്‌ക്കുള്ളിലുണ്ടായിരുന്ന മൂന്ന് പേരെയും സാഹസികമായി സംഘം രക്ഷപ്പെടുത്തി. കാട്ടാനയെ തുരത്തിയതിന് ശേഷം തിരികെ വരികയായിരുന്ന പുതൂരിലെ റാപിഡ് റെസ്‌പോൺസ് ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിയിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സംഘം ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരെയാണ് രക്ഷിച്ചത്.
വൈക്കോൽ കെട്ടുകൾ വേഗം തന്നെ വാഹനത്തിൽ നിന്നും നീക്കം ചെയ്തത് വൻ ദുരന്തം ഒഴിവാക്കി. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നത്. പുതൂർ പോലീസും കോങ്ങാട് നിന്നുള്ള അഗ്നിരക്ഷാ സേനയും സംഭവ സ്ഥലത്തെത്തി.















