ഒരു ഇടവേളയ്‌ക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ് മീര ജാസ്മിൻ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം സജീവമായിരിക്കുകയാണ്. എം. പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്ത് ആയിരുന്നു മലയാളത്തിൽ മീര ഒടുവിൽ അഭിനയിച്ച ചിത്രം. ഇപ്പോഴിതാ മീര ജാസ്മിൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘ പാലും പഴവും’ എന്നാണ് മീര നായികയാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവതാരം അശ്വിൻ ജോസാണ് ചിത്രത്തിലെ നായകൻ. 2 ക്രിയേറ്റീവ് മൈൻഡ്‌സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി എന്റർടെയ്‌നറായാണ് ചിത്രം എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
അശോകൻ, ശാന്തി കൃഷ്ണ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, ആദിൽ ഇബ്രാഹിം, സുമേഷ് ചന്ദ്രൻ, രചന നാരായണൻകുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആഷിഷ് രചനി ഉണ്ണികൃഷ്ണനാണ് തിരക്കഥ ഒരുക്കുന്നത്. ഛായഗ്രഹണം രാഹുൽ ദീപ്, സംഗീതം സച്ചിൻ ബാലു എന്നിവരാണ്.