പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നായകനായ ചിത്രം ഇന്നലെയാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തിയത്. ആദ്യ ഷോ മുതൽ വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിദേശരാജ്യങ്ങളിലടക്കം ആദ്യദിനം റെക്കോർഡ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യദിനം തന്നെ 37 ലക്ഷത്തോളം കളക്ഷൻ ലഭിച്ചതായാണ് വിവരം. വിദേശ വിതരണ കമ്പനിയായ 4 സീസൺസ് ക്രിയേഷൻസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിദേശത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണ് ഭ്രമയുഗത്തിന് ലഭിച്ചിരിക്കുന്നത്.
ഭ്രമയുഗത്തിന് കർണാടയിലും വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനം 42 ലക്ഷമാണ് ചിത്രം കർണാടകയിൽ നേടിയത്. അണിയറപ്രവർത്തകരാണ് ഈ ബോക്‌സോഫീസ് കണക്ക് പുറത്തുവിട്ടത്. റിലീസ് ദിനത്തിൽ തന്നെ തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ രൂപ-ഭാവ വിസ്മയം തന്നെയാണ് ഭ്രമയുഗം പ്രേക്ഷകർക്കായി സമ്മാനിച്ചത്. രാഹുൽ സദാശിവൻ തന്നെയാണ് ഭ്രമയുഗത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.















