തമിഴ് യുവതാരം ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ടീസറും പുറത്തുവിട്ടു. ‘അമരൻ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. കമൽ ഹാസനും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് അമരൻ നിർമ്മിക്കുന്നത്.സൈനികന്റെ വേഷത്തിലാണ് ചിത്രത്തിൽ ശിവകാർത്തികേയൻ എത്തുന്നത്.
സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ശിവകാർത്തികേയന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ പങ്കുവച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാർ പെരിയസാമിയാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിരിക്കും അമരൻ പ്രദർശനത്തിനെത്തുന്നത്.
‘വി മുകുന്ദ്’ എന്ന സൈനികന്റെ വേഷത്തിലാണ് ശിവകാർത്തികേയൻ എത്തുന്നത്. താരം ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രം കൂടിയാണ് അമരനിലേത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.















