തായ്‌പേയ്: ഇന്ത്യയിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ തായ്‌വാൻ ഇന്ത്യയുമായി കരാറിൽ ഒപ്പുവച്ചു. പ്രമുഖ സെമികണ്ടക്ടർ നിർമ്മാതാക്കളാണ് തായ്വാൻ. വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 700,000 തൊഴിലാളികളാണ് തായ്‌വാനിലുള്ളത്.
ഇരുരാജ്യങ്ങളിലെയും എംബസികൾ തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. എന്നാൽ തീരുമാനം നടപ്പിലാകാൻ അല്പം കാലതാമസം വരുമെന്ന് തായ്‌വാൻ അറിയിച്ചു. വർഷം തോറും തൊഴിലാളികളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിർമ്മാണം, കൃഷി, മറ്റ് വ്യവസായങ്ങൾ എന്നിവയ്‌ക്കായി തായ്‌വാനിൽ തൊഴിലാളികളുടെ ആവശ്യം വർദ്ധിക്കുകയാണ്. തായ്‌വാന് ഈ ആവശ്യം നിറവേറ്റാൻ കഴിയുന്നില്ല, അതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രാലയം പറഞ്ഞു.
ഇന്ത്യയിൽ നിന്നെത്തുന്ന തൊഴിലാളികളുടെ നൈപൂണ്യം മികച്ചതാണ്. കഠിനാധ്വാനം ചെയ്യുന്നവരാണ്. ഒരു ചെറിയ പൈലറ്റ് സ്കീം ആദ്യം ആരംഭിക്കും. അത് ശരിയാകുകയാണെങ്കിൽ കൂടുതൽ തൊഴിലാളികളെ സ്വീകരിക്കും. മന്ത്രാലയം വ്യക്തമാക്കി.
തായ്‌വാനുമായി ഇന്ത്യയ്‌ക്ക് ഔപചാരികമായ ബന്ധമില്ല. എന്നാൽ തായ്‌വാനീസ് ടെക് കമ്പനികളെ ഇന്ത്യയിൽ നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുന്നത് വഴി അടുത്ത ബിസിനസ് ബന്ധമുണ്ട്.