ന്യൂഡൽഹി: പ്രധാനമന്ത്രി ജൻധൻ യോജന പ്രകാരം രാജ്യത്ത് 45 കോടി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സർക്കാരിന്റെ അഭിമാന നിമിഷമാണിതെന്നും അക്കൗണ്ടുകളിലൂടെ 2.1 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ വാർഷിക ബിസിനസ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
‘പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ജൻധൻ യോജന പ്രഖ്യാപിച്ചപ്പോൾ ഇത് യാഥാർത്ഥ്യമാകുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഈ പദ്ധതിയിലൂടെ
45 കോടി പാവപ്പെട്ട ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറന്നു. 2014-ന് മുമ്പ് ജനങ്ങൾ ബാങ്കുകളുടെ വാതിൽപ്പടി പോലും ദർശിച്ചിരുന്നില്ല. കെടുകാര്യസ്ഥതയ്‌ക്ക് പേരുകേട്ടതാണ് കോൺഗ്രസ് പാർട്ടി. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവർക്ക് മടിയായിരുന്നു. ഇന്ന് രാജ്യത്തെ സാമ്പത്തികാവസ്ഥയിൽ വലിയ പുരോഗതിയാണുള്ളത്.
നോട്ട് നിരോധനത്തിന് ശേഷം കേന്ദ്ര സർക്കാർ ഡിജിറ്റൽ പേയ്‌മെൻ്റുകൾ കൊണ്ടുവന്നു. ബാങ്കിംഗ് മേഖല ഇന്ന് കടത്തിന്റെ പിടിയിൽ നിന്നും മോചിക്കപ്പെട്ടിരിക്കുകയാണ്. ഭാരതത്തെ ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിലൊന്നാക്കാൻ മോദി സർക്കാരിന് സാധിച്ചു. ഉടൻ തന്നെ രാജ്യത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതം മാറും. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളിലൂടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി’ -അനുരാഗ് ഠാക്കൂർ പറഞ്ഞു.