ലക്നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്വന്തം മണ്ഡലമായ അമേഠിയിൽ നിർമിച്ച വീടിന്റെ ഗൃഹപ്രവേശം 22 ന് നടക്കും. അമേഠിയിലെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന 2019ലെ വാഗ്ദാനമാണ് ഇതൊടെ പൂർത്തിയാകുന്നത്. മുമ്പ് അമേഠിയിൽ നിന്ന് ജയിച്ച് പോയവർ ഒളിച്ചോടുമ്പോഴാണ് ജനങ്ങൾക്കൊപ്പം താമസിക്കാൻ ജനങ്ങളുടെ നായിക തീരുമാനിക്കുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ രാംപ്രസാദ് മിശ്ര ചൂണ്ടിക്കാട്ടി.
സ്മൃതി ഇറാനി ആദ്യമായി അമേഠിയിലേക്ക് മത്സരിക്കാനെത്തുമ്പോൾ നാട്ടുകാരിയല്ലെന്നാണ് കോൺഗ്രസ് പറഞ്ഞ് നടന്നത്. കഴിഞ്ഞ അഞ്ച് വർഷവും, അമേഠിയിൽ നിന്ന് അമേഠിയ്‌ക്ക് വേണ്ടിയാണ് സ്മൃതി പ്രവർത്തിച്ചത്. ഗൃഹപ്രവേശം കഴിയുന്നതൊടെ പുറത്തുനിന്നുള്ളവൾ എന്ന കോൺഗ്രസിന്റെ പ്രചാരണവും നിൽക്കും, അമേഠിയുടേതാണ് സ്മൃതി ഇറാനിയെന്ന് നാട്ടുകാർ ഉറക്കെ പ്രഖ്യാപിക്കും, രാംപ്രസാദ് മിശ്ര പറഞ്ഞു.
2021ലാണ് സ്മൃതി ഇറാനി അമേഠിയിലെ ഗൗരിഗഞ്ചിലെ സുൽത്താൻപൂരിൽ വീട് നിർമാണത്തിനായി ഭൂമി വാങ്ങിയത്. എംപിയുടെ ഗൃഹപ്രദേശം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നാട്. നേതാക്കളും സാധാരണക്കാരുമടക്കം എല്ലാവരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്, മിശ്ര കൂട്ടിച്ചേർത്തു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ഗൃഹപ്രവേശം എന്നത് സ്മൃതി ഇറാനിയുടെ ആഗ്രഹമായിരുന്നു. വീടിന്റെ പുറം ഭിത്തിയിൽ ഭഗവാൻ ശ്രീരാമന്റെയും ഹനുമാന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.















