വയനാട്: കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരനായ പോളിന്റെ മരണത്തിൽ പ്രതിഷേധവുമായി വയനാട്ടിലെ ജനങ്ങൾ. ഹർത്താൽ ദിനത്തിൽ പുൽപ്പള്ളിയിൽ ടൗണിലെത്തി ജനങ്ങൾ പ്രതിഷേധിക്കുകയാണ്. വനംവകുപ്പിന്റെ വാഹനം തടയുകയും റീത്തുവെച്ച് പ്രതിഷേധിക്കുകയും ചെയ്തു. വാഹനത്തിന്റെ റൂഫ് തകർത്ത ശേഷം കടുവ കൊന്ന പശുവിന്റെ ജഡം വാഹനത്തിൽ കെട്ടിവച്ചും പ്രതിഷേധിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വൻ ജനരോഷം ഉയരുകയാണ്. ഉദ്യോഗസ്ഥർക്ക് പോലീസ് സംരക്ഷണം നൽകിയതോടെ പ്രതിഷേധിച്ചിരുന്നവർ കൂടുതൽ പ്രകോപിതരായി. വാഹനത്തിന്റെ കാറ്റഴിച്ച് വിടുകയും സംഭവങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച പോലീസുകാർക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. സ്ഥലത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
അതേസമയം വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിട്ടുണ്ട്. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20 നാകും യോഗം ചേരുക. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.















