ജയ്പൂർ: ഇറ്റലിയിൽ കുടുംബ സ്വത്തായി തനിക്ക് 27 ലക്ഷം രൂപയുടെ വസ്തുവകകൾ ഉള്ളതായി കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ. രാജ്യസഭയിലേക്ക് നൽകിയ നാമനിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവിരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഭാരതത്തിൽ മൂന്ന് കൃഷിയിടങ്ങൾ തനിക്കുള്ളതായും 90,000 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും പത്രികയിൽ സോണിയ പറഞ്ഞിരിക്കുന്നു.
88 കിലോ വെള്ളി, 1.2 കിലോ സ്വർണം എന്നിവയും തന്റെ കൈവശമുള്ളതായും പത്രികയിൽ പരാമർശിച്ചിരിക്കുന്നു. ഇവയെല്ലാം ഉൾപ്പെടെ ആകെ 12.53 കോടിരൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2019 ൽ റായ്ബറേലിയിൽ നിന്നും മത്സരിക്കുമ്പോൾ നൽകിയ പത്രികയിൽ ആകെ 11.82 കോടിയായിരുന്നു ആസ്തി. എംപി ശമ്പളവും റോയൽറ്റി തുകയും വസ്തുവകകളിൽ നിന്നുള്ള ലാഭവുമാണ് വരുമാനമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
രാജസ്ഥാനിൽ നിന്നാണ് രാജ്യസഭയിലേക്ക് സോണിയ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. രാജസ്ഥാനിൽ ഒഴിവുള്ള മൂന്ന് സീറ്റുകളിൽ ഒന്നിൽ കോൺഗ്രസിന് ജയിക്കാൻ സാധിക്കും. ഈ സീറ്റിലേക്കാണ് സോണിയ മത്സരിക്കുന്നത്. നിലവിൽ റായ്ബറേലിയിൽ നിന്നുള്ള ലോക്‌സഭാംഗമാണ് സോണിയ. തുടർച്ചയായി നാലുതവണ ജയിച്ച മണ്ഡലം ഉപേക്ഷിച്ചാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഏക കോൺഗ്രസ് ലോക്‌സഭാംഗമായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.