റിലീസ് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോഴും പ്രേമലു പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിൽക്കുന്നു. രോമാഞ്ചത്തിന് ശേഷം അടുത്തകാലത്ത് ഇത്രയും ചിരിപ്പിച്ച മറ്റൊരു സിനിമയുണ്ടായിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഈ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നായിരിക്കും പ്രേമലു എന്ന കാര്യത്തിൽ സംശയമില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ആദ്യ ദിനം തന്നെ വളരെ പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. പുതിയ റിലീസുകൾ വരുമ്പോഴും പ്രേക്ഷകർക്കിടയിലെ പ്രേമലുവിന്റെ സ്വീകാര്യത കുറഞ്ഞിട്ടില്ല. സിനിമ ഹിറ്റായതിന് പിന്നാലെ ചിത്രത്തിന്റെ സക്സസ് പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. യുവതാരങ്ങളായ നസ്‌ലിൻ, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ചിത്രമാണ് പ്രേമലു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്.
ഹൈദരാബാദ് നഗരത്തിന്റെ പശ്ചാത്തലത്തിലെത്തുന്ന ചിത്രമാണ് പ്രേമലു. ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നസ്‌ലിൻ. താരത്തിന്റെ അത്യൂഗ്രം പ്രകടനമാണ് ചിത്രത്തിലുള്ളതെന്ന് ആരാധകർ പറയുന്നു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി ഒരുക്കുന്ന ചിത്രമാണിത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.















