ജനതാ ഗാരേജ്, ആർആർആർ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജൂനിയർ എൻടിആർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദേവര പാർട്ട്1. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. ജനതാ ഗാരേജിന്റെ സംവിധായകൻ കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ താരനിരതന്നെ അണിനിരക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായികയായി എത്തുന്നത്.
ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2024 ഒക്ടോബർ 10 ന് ചിത്രം തീയേറ്ററുകളിലെത്തും. ബോളിവുഡ് സൂപ്പർതാരം സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ദേവര റിലീസ് ചെയ്യുക. കൊരട്ടാല ശിവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
യുവസുധ ആർട്സും എൻ.ടി.ആർ ആർട്സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. പ്രകാശ് രാജ്. ശ്രീകാന്ത്, നരേൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രാഹകൻ രത്നവേലുവും എഡിറ്റർ ശ്രീകർ പ്രസാദുമാണ്.