ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു, ഇതൊക്കെയാണ് അവരുടെ പ്രവർത്തനരീതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപി ദേശീയ കൺവെൻഷനിലാണ് നദ്ദ കോൺഗ്രസിനെ വിമർശിച്ചത്.
രാമക്ഷേത്രം നിർമിക്കാനുള്ള എല്ലാ സാധ്യതകളും തേടുമെന്ന് 1989-ൽ നടന്ന ബിജെപി ദേശീയ കൺവെൻഷനിൽ പ്രമേയം പാസാക്കി. അന്ന് ചിലർ പരിഹസിച്ചു. എന്നാൽ ജനുവരി 22 ന് അയോദ്ധ്യയിൽ നടന്ന പ്രാണപ്രതിഷ്ഠയ്‌ക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തില്ല ഇതൊക്കെയാണ് നിങ്ങളുടെ രീതികളെന്ന് നദ്ദ പറഞ്ഞു. “ജയ് ശ്രീറാം”, “ഭാരത് മാതാ” വിളികളോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ സദസ്സ് ഏറ്റെടുത്തത്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ വിജയിക്കും. മൂന്നാം തവണ മോദി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പറഞ്ഞു. ഇന്ന് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയായി മാറിയിരിക്കുന്നു. 2014-ന് മുമ്പ് ഞങ്ങൾക്ക് അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് സർക്കാരുകൾ ഉണ്ടായിരുന്നത്, വളരെക്കാലം ഞങ്ങൾ 5-6 ൽ കുടുങ്ങി നിന്നും എന്നാൽ ഇന്ന് 12 സംസ്ഥാനങ്ങളിൽ സർക്കാരുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.















