ന്യൂഡൽഹി: രാജ്യവിരുദ്ധ പരാമർശം നടത്തിയ ഷർജീൽ ഇമാമിന്റെ ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ആണ് വിധി പ്രസ്താവിച്ചത്. 2020 ജനുവരി 28 നാണ് കേസിൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. 2022 ജൂലൈയിൽ ഇയാളുടെ ആദ്യ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.
തനിക്കു മേലുള്ള കുറ്റങ്ങൾക്കുള്ള തടവുശിക്ഷയുടെ പകുതി അനുഭവിച്ചെന്നും അതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നും കാണിച്ചാണ് ഇമാം കോടതിയെ സമീപിച്ചത്. കുറ്റാരോപിതനായ വ്യക്തി പരമാവധി തടവുശിക്ഷയുടെ പകുതി അനുഭവിച്ചാൽ ജാമ്യത്തിന് അർഹനാണെന്ന വാദമുയർത്തിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യാപേക്ഷയെ എതിർത്തു. കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കണമെന്നും ജാമ്യം നിർബന്ധമല്ലെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. ശിക്ഷ തുടർച്ചയായി കണക്കാക്കുന്നുവെന്നും അദ്ദേഹം വാദിച്ചു. കേസിൽ ഇമാമിനെതിരെയുള്ള യുഎപിഎ ചുമത്തിയ ഉത്തരവിനെതിരെയുള്ള ഹർജി ഡൽഹി ഹൈക്കോടതി മാർച്ച് എട്ടിന് പരിഗണിക്കും.
സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി ജാമിയ പ്രദേശത്തും അലിഗഢ് മുസ്ലീം സർവകലാശാലയിലും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.















