ചെന്നൈ: നദികളിലിറങ്ങുന്ന ദേശാടന പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തമിഴ്നാട്ടിലെ പുലികാടിലാണ് സംഭവം. പിണ്ടെയിൻ, ദേശാടന താറാവ്, പ്ലോവർ എന്നീ ദേശാടന പക്ഷികൾ കൂടുതലായി എത്തുന്ന സ്ഥലമാണ് പുലിക്കാട്. ഒരാഴ്ച്ചക്കിടക്കെ നിരവധി ദേശാടന പക്ഷികളെയാണ് ഇവിടെ ചത്തനിലയിൽ കണ്ടെത്തിയത്.
ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായ പുലിക്കാട്ടിൽ അടുത്തിടെയായി പക്ഷികളെ ചത്ത നിലയിലോ, അസാധാരണമായ രോഗങ്ങൾ ബാധിച്ച നിലയിലോ കണ്ടെത്തുന്നതായി നാട്ടുകാർ പറഞ്ഞു. പുലിക്കാട്ടിന് സമീപത്തുള്ള അണ്ണാമലച്ചേരിയിലും നിരവധി പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ചത്ത പക്ഷികളുടെ സാമ്പിളുകളും പ്രദേശത്തെ ജലവും വനംവകുപ്പ് അധികൃതർ പരിശോധനയ്ക്ക് അയച്ചിരുന്നു.
പ്രദേശത്ത് നിലവിൽ ഉപയോഗിക്കുന്ന രാസവള പ്രയോഗമാണ് ഇതിന് കാരണമെന്ന് ആദ്യഘട്ട സാമ്പിൾ പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ വിശകലനത്തിനായി സാമ്പിളുകൾ തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ പ്രദേശത്ത് വളപ്രയോഗങ്ങൾ നിർത്തി വയ്ക്കണമെന്ന് നാട്ടുകാർക്ക് നിർദ്ദേശം നൽകി.