റിയാദ്: മെസിക്കും സുവാരസിനുമൊപ്പം പന്ത് തട്ടാൻ ബ്രസീൽ സൂപ്പർ താരവും മയാമിയിലേക്ക് ചേക്കേറുന്നതായി സൂചന. ഉറ്റ സുഹൃത്തായ മെസി തന്നെ ഇന്റർമയാമിയിലേക്ക് ക്ഷണിച്ചുവെന്ന് നെയ്മർ തന്നെയാണ് വെളിപ്പെടുത്തിയത്. സൗദി ക്ലബ് അല്‍ ഹിലാലിൽ കൂടുമാറിയ ശേഷം നെയ്മറിന് അത്ര നല്ല കാലമല്ല. പരിക്ക് വിട്ടൊഴിഞ്ഞ് നേരമില്ല ബ്രസീൽ താരത്തിന്.
ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മർക്ക് മാസങ്ങളോളം കളിക്കളത്തിൽ നിന്ന് പുറത്തിരിക്കേണ്ടി വന്നു. ഇതിനിടെ ബ്രസീൽ പല മത്സരങ്ങളും തോൽക്കുകയും ചെയ്തു.കാൽമുട്ടിലെ ലിഗമെന്റിന് വിള്ളലേറ്റ നെയ്മർ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ശേഷം വിശ്രമത്തിലാണ്. പരിക്കിൽ നിന്ന് ഏറെക്കുറെ മുക്തനായ താരം അല്‍ ഹിലാല്‍ വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തൽ.
ബാഴ്‌സലോണയുടെ സുവർണകാലത്തിൽ എതിരാളികളുടെ പേടിസ്വപ്നമായിരുന്നു എംഎസ്എന്‍ ത്രയം. മെസി,സുവാരസ്,നെയ്മർ ത്രയം ഏതൊരു ടീമിനും കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. നെയ്മർ പിഎസ്ജിയിലേക്ക് ചേക്കേറിയതോടെയാണ് കൂട്ടുക്കെട്ട് പൊളിഞ്ഞത്. പിന്നാലെ സുവാരസും മെസിയും ബാഴ്സ വിട്ടു.
മെസി പിഎസ്ജിയിലെത്തിയെങ്കിലും പഴയ ഫോം വീണ്ടെടുക്കാൻ ഇരുവർക്കുമായില്ല. തുടർന്ന് മെസി ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിയിലേക്ക് ചേക്കേറി. തൊട്ടുപിന്നാലെ അടുത്ത സുഹൃത്തുക്കളായ ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരും യൂറോപ്പ് വിട്ട് അമേരിക്കയിലെത്തി. ഇതിന്റെ ചുവട് പിടിച്ചാണ് അടുത്ത നീക്കം.