ഡൽഹി: വരുന്ന നൂറ് ദിവസം ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാഗം വോട്ടർമാരുടെയും പിന്തുണ നേടിയെടുക്കണമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഭാരതത്തെ വികസിത രാജ്യമാക്കി മാറ്റണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഡൽഹിയിൽ ബിജെപിയുടെ ദ്വിദിന ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അടുത്ത 100 ദിവസങ്ങളിൽ, നമ്മൾ ഓരോരുത്തരും പുതിയ വോട്ടർമാരുമായി സംവദിക്കണം. എല്ലാവരുടെയും വിശ്വാസവും പിന്തുണയും നമുക്ക് നേടേണ്ടതുണ്ട്. ബിജെപിയുടെ ആത്മാർത്ഥതയുള്ള പ്രവർത്തകർ മുഴുവൻ സമയവും ജനങ്ങളോടൊപ്പം സമയം ചിലവിടുന്നുണ്ട്. അവരുടെ വിശ്വാസം നേടാൻ കഠിനമായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, അടുത്ത 100 ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. നവോന്മേഷത്തോടെയും ഊർജസ്വലതയോടെയും ഓരോരുത്തരും പ്രവർത്തിക്കണം. ഇന്ന് ഫെബ്രുവരി 18, ഇന്ന് 18 വയസ് പൂർത്തിയാകുന്ന യുവാക്കൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ 18-ാം ലോക്‌സഭയെ തിരഞ്ഞെടുക്കും”.
“വികസിത ഭാരതം എന്ന സ്വപ്നവും കാഴ്ചപ്പാടും സാക്ഷാത്കരിക്കാനുള്ള സമയമാണിത്. രാജ്യത്തിന്റെ സ്വപ്നങ്ങളും നിശ്ചയദാർഢ്യവും വലുതായിക്കഴിഞ്ഞു. ഇന്നത്തെ നമ്മുടെ സ്വപ്നവും പ്രമേയവും ഒരു വിക്ഷിത് ഭാരത് ഉണ്ടാക്കുക എന്നതാണ്. അടുത്ത അഞ്ച് വർഷം നമ്മുടെ രാജ്യത്തെ കൊണ്ടുപോകുന്നതിന് നിർണായകമാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമുക്ക് വലിയ ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ട്. അതാണ് വികസിത ഭാരതം”- പ്രധാനമന്ത്രി പറഞ്ഞു.















