മുംബൈ: മുംബൈ-അഹമ്മദാബാദ് റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസും ശതാബ്ദി ട്രെയിനുകളും ഇനി 160 കിലോമീറ്റർ വേഗതയിൽ. മാർച്ച് മുതൽ ട്രെയിനുകളുടെ വേഗത ഉയർത്തും. ഇതിനോടനുബന്ധിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വരികയാണെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. വേഗതയിൽ വർദ്ധനവുണ്ടായാൽ രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരത്തിൽ 30 മിനിറ്റ് വരെ കുറവുണ്ടാകും. നിലവിൽ നവീകരണപ്രവർത്തനങ്ങളോടനുബന്ധിച്ച് 264 പാലങ്ങൾ ബലപ്പെടുത്തുന്ന ജോലി പൂർത്തിയാക്കി.
മിഷൻ റാഫ്തറിന്റെ ഭാഗമായാണ് ട്രെയിനുകളുടെ വേഗത ഉയർത്താനാവശ്യമായ നടപടികൾ റെയിൽവേ ക്രമീകരിക്കുന്നത്. 3,959 കോടി രൂപ ചിലവിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. വന്ദേഭാരത് എക്‌സ്പ്രസുകളുടെ വേഗതയിൽ വർദ്ധനവുണ്ടായാലും മുംബൈ സബർബൻ ട്രെയിനുകളുടെ വേഗതയിലും സമയക്രമത്തിലും മാറ്റമുണ്ടാകില്ലെന്നും റെയിൽവേ വ്യക്തമാക്കി.
ട്രാക്ക് നവീകരണം, പാലങ്ങൾ ബലപ്പെടുത്തുക, സിഗ്നലിംഗ് സിസ്റ്റത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത വർദ്ധിപ്പിക്കൽ, സൂപ്പർഫാസ്റ്റ്, മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 25 കിലോമീറ്റർ വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.















