തൃശൂർ: നവീകരിച്ച ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന മന്ത്രി ആർ.ബിന്ദുവിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അമ്പത് ലക്ഷത്തോളം കേന്ദ്രവിഹിതമുള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് മന്ത്രിയുടെ ചിത്രം വച്ചുള്ള ഫ്ലക്സും പോസ്റ്ററും അടിച്ചിറക്കിയിരിക്കുന്നത്. ഇതിനെ ശക്തമായ ഭാഷയിൽ വിമർശിക്കുകയാണ് കെ.സുരേന്ദ്രൻ.
ബഹുമാനപ്പെട്ട മന്ത്രി ആർ ബിന്ദു, ഈ NULM എന്നാൽ നാഷണൽ അർബ്ബൻ ലൈവ്ലിഹുഡ് മിഷൻ അതായത് നരേന്ദ്രമോദി സർക്കാരിന്റെ നഗരങ്ങളിൽ ദരിദ്രർക്കായുള്ള ക്ഷേമപദ്ധതി. അമ്പത് ലക്ഷം കേന്ദ്രത്തിന്റെ വിഹിതം. 9 ലക്ഷം മാത്രം കേരളത്തിന്റെ വിഹിതം. ബ്രാൻഡിംഗ് നടത്തുമ്പോൾ ഇത്തിരി നാണം വേണം. കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് സ്വന്തം പടം അടിച്ചിറക്കുന്നവരാണ് കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നും ബ്രാൻഡിംഗ് നടത്തുന്നുവെന്നും പറഞ്ഞ് ആക്ഷേപിക്കുന്നത്- കെ.സുരേന്ദ്രൻ പ്രതികരിച്ചു.















