മികച്ച പ്രേക്ഷക പ്രശംസയോടുകൂടി ഭ്രമയുഗം തിയേറ്ററിൽ മുന്നേറുമ്പോൾ പുതിയൊരു അപ്ഡേഷനുമായി മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റെതാണ് പുതിയ അപ്ഡേഷൻ. സിനിമ പാക്കപ്പ് ആയ വിവരമാണ് പുറത്ത് വിട്ടിരിക്കുന്നത്. നൂറോളം ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ടർബോയുടെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവച്ചിരിക്കുന്നു.
ടർബോ ജോസ് എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കോമഡി-മാസ്-ആക്ഷൻ ചിത്രമായി എത്തുന്ന ടർബോയിൽ തമിഴ്-തെലുങ്ക്-കന്നഡ-ഹിന്ദി ഇൻഡസ്ട്രിയിൽ നിന്നും വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തമിഴിൽ നിന്ന് അർജുൻ ദാസ്, തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുഹാൻ സിംഗ്, കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടി എന്നിവരാണ് മമ്മൂട്ടിക്കൊപ്പം സ്ക്രീനിൽ എത്തുന്നത്.
മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. വിഷ്ണു ശർമ്മ- ഛായാഗ്രാഹകൻ. ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. എഡിറ്റർ- ഷമീർ മുഹമ്മദ്. സംഘട്ടനത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് ഫൊണിക്സ് പ്രഭു ആണ്.















