വയനാട്: കാട്ടാന ആക്രമണത്തിൽ ഇക്കോ ടൂറിസം ജീവനക്കാരനായ പോൾ മരിച്ചതിനെ തുടർന്ന് വനം വകുപ്പിനെതിരെ നടത്തിയ പ്രതിഷേധത്തിൽ രണ്ട് പേർ അറസ്റ്റിൽ. കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കൽ, പുൽപ്പള്ളി സ്വദേശി വാസു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചു, മൃതദേഹം തടഞ്ഞു, ഉദ്യോഗസ്ഥരെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടതൽ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തിന് നേതൃത്വം നൽകിയവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 16നാണ് കാട്ടാന ആക്രമണത്തിൽ പോൾ മരിച്ചത്. ഇതോടെ വയനാട്ടിൽ വൻ പ്രതിഷേധമാണ് സംസ്ഥാന സർക്കാരിനെതിരെയും വനംവകുപ്പിനെതിരെയും ഉയർന്നു വന്നത്. പ്രതിഷേധക്കാർ വനംവകുപ്പിൽ റീത്ത് വച്ചും, കടുവ കൊന്ന പശുവിന്റെ ജഡം വാഹനത്തിൽ കെട്ടി വച്ചും പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് പോലീസ് ലാത്തി വീശിയാണ് സംഘർഷം നിയന്ത്രണ വിധേയമാക്കിയത്.















