വയനാട്: വന്യജീവി ആക്രമണത്താൽ നെട്ടോട്ടമോടുന്ന വയനാടിനെതിരെ മുഖ്യമന്ത്രിയും, വനംവകുപ്പ് മന്ത്രിയുൾപ്പെടെ സംസ്ഥാന സർക്കാർ മുഖം തിരിച്ച് നടക്കുമ്പോൾ മരണപ്പെട്ടവരുടെ കുടുംബത്തെ സാന്ത്വനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വയനാട്ടിൽ സന്ദർശനത്തിനെത്തിയ ഗവർണർ കാട്ടാന ആക്രണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ കുടുംബത്തെയും പോളിന്റെ കുടുംബത്തെയും സാന്ത്വനിപ്പിച്ചു. മൂന്നാഴ്ച മുമ്പ് കാട്ടാന എടുത്തെറിഞ്ഞ് പരിക്കേറ്റ് കിടപ്പിലായ 16കാരൻ ശരത്തിന്റെ വീടും അദ്ദേഹം സന്ദർശിച്ചു. ശരത്തിന്റെ ചികിത്സ ഉറപ്പു വരുത്തുമെന്നും ഗവർണർ അറിയിച്ചു.
” കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയനാട് കടന്നു പോകുന്നത് നിരവധി വന്യജീവി ആക്രമണങ്ങളിലൂടെയാണ്. ഇത്തരം ആക്രമണത്തിൽപ്പെട്ട് കൊല്ലപ്പെട്ടവരുടെ വിയോഗം നികത്താനാവാത്തതാണ്. ഇവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. വിഷയങ്ങളുടെ ഗൗരവം തീർച്ചയായും സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. മരണപ്പെട്ടവരുടെ കുടുംബത്തിന് വേണ്ട സഹായങ്ങൾ സർക്കാർ ഉറപ്പുവരുത്തണം. വനംമന്ത്രിയുമായി കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. സംഘർഷം ഒന്നിനും പരിഹാരമല്ല.”- ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ നയിക്കുന്നതിനു മുന്നേ അവ ഒഴിവാക്കേണ്ട ബാധ്യത നമ്മുടെ നാട്ടിലെ സംവിധാനങ്ങൾക്കുണ്ട്. എന്നാൽ ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കുന്നതിൽ സംവിധാങ്ങൾ പരാജയപ്പെട്ടുവെന്നും ഗവർണർ വിമർശിച്ചു. കഴിഞ്ഞ ഡിസംബറിൽ കടുവ കൊലപ്പെടുത്തിയ പ്രജീഷിന്റെ വസതിയിലും ഗവർണർ സന്ദർശിച്ചു. ബിഷപ്പ് അറിയിച്ച പരാതികൾ ഗൗരവമായി തന്നെ കണക്കിലെടുക്കുമെന്നും പരാതികളെല്ലാം സർക്കാരിന്റെ മുമ്പിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.