ശ്രീകാര്യം: എഴുത്ത് മുറികളിൽ കുത്തിക്കുറിക്കപ്പെട്ട കവിതകളും കഥകളും ലേഖനങ്ങളും വരച്ചു കൂട്ടിയ ചിത്രങ്ങളുമായി സർഗ്ഗ വസന്തം തീർത്ത് ലൊയോള സ്കൂൾ വിദ്യാർത്ഥികൾ. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഇന്ന് പ്രകാശനം നിർവഹിച്ച രണ്ടായിരത്തിൽ പരം വിദ്യാർഥികളുടെ വ്യക്തിഗത മാഗസിൻ അക്ഷരാർത്ഥത്തിൽ സർഗാത്മകതയുടെ സംഗമ വേദിയായി .
സ്കൂളിലെ ഒന്നു മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും വ്യക്തിഗതമായി തയ്യാറാക്കിയ മാഗസീനുകൾ കുട്ടികളുടെ സർഗാത്മകത വിളിച്ചോതുന്നതായിരുന്നു. ലൊയോള സ്കൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങളുടെയും സർഗ്ഗസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഇൻസൈറ്റ് എന്ന മാഗസിനിന്റെയും ഓൺലൈൻ മാഗസിനായ ലെൻസിന്റെ അച്ചടിച്ച കോപ്പികളുടെ പ്രകാശനവും മുഖ്യാതിഥി നിർവഹിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.സണ്ണി കുന്നപ്പള്ളിൽ എസ് .ജെ , ഐ.സി.എസ്.ഇ. പ്രിൻസിപ്പൽ ഫാ.സാൽവിൻ അഗസ്റ്റിൻ എസ്. ജെ , സി.ബി എസ്. ഇ. പ്രിൻസിപ്പൽ ഫാ. റോയ് അലക്സ് എസ് .ജെ എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികളായ മാനവ് എ. രഞ്ജിത്ത് സ്വാഗതവും റൈസുദീൻ പി. എൻ നന്ദിയും പറഞ്ഞു.















