ഒരിടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങളെല്ലാം വൻ വിജയമാണ് കാഴ്ചവെക്കുന്നത്. അക്കൂട്ടത്തിലാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗവും ഇടം നേടിയിരിക്കുന്നത്. മലയാള സിനിമ ഇന്ന് വരെ കാണാത്ത പ്രകടനവുമായാണ് പോറ്റി തിയേറ്ററിലെത്തിയത്. ബോക്സ്ഓഫീസിൽ വൻ കുതിപ്പാണ് മമ്മൂട്ടി ചിത്രം കാഴ്ച വയ്‌ക്കുന്നത്.
ഭ്രമയുഗം തിയേറ്ററിലെത്തി നാല് ദിവസം പിന്നിടുന്നതോടെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആഗോള ബോക്സോഫീസിൽ 32.93 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 11.85 കോടിയാണ്.
കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളം പതിപ്പ് ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് കേരളത്തിന് പുറത്ത് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ആദ്യ ദിനം 42 ലക്ഷമാണ് ചിത്രം കർണാടകയിൽ നേടിയത്. റിലീസ് ദിനത്തിൽ തന്നെ തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.















