പ്ലോട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പ്ലോട്ട് ബ്ലെയറിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. ജയിലിനുള്ളിൽ സ്ഥാപിച്ച ബലികൂടീരത്തിൽ രാഷ്‌ട്രപതി പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് തടവിലാക്കപ്പെട്ട് മരണമടഞ്ഞ സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള ആരദ സൂചകമായി സംരക്ഷിച്ചു പോരുന്ന ‘സ്വതന്ത്രയ ജ്യോത്’ എന്ന നിത്യജ്വാലയും ദ്രൗപദി മുർമു സന്ദർശിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര നേതാക്കൾ ജയിൽവാസം അനുഷ്ടിച്ച സെല്ലുലാർ ജയിൽ ചരിത്രത്തെ ഓർമ്മപ്പെടുത്തുന്നതാണെന്നും ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിന് ചരിത്രത്തിന്റെ താളുകളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും രാഷ്‌ട്രപതി അറിയിച്ചു. ആൻഡമാനിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി എത്തിയതായിരുന്നു ദ്രൗപദി മുർമു.
” ചരിത്രപരമായും ഭൂമി ശാസ്ത്രപരമായും ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ വളരെയധികം പ്രാധാന്യമുള്ളതാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിൽ ആൻഡമാൻ പ്രധാന പങ്കുവഹിക്കുന്നു. പ്രദേശത്തെ ടൂറിസം മേഖല വിപൂലീകരിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. വിനോദസഞ്ചാരികളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കാൻ സാധിക്കുന്നു. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ ധാരാളം വിനോദസഞ്ചാരികളാണ് ഇവിടെ എത്തിയത്. ഇത് മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു.”- ദ്രൗപദി മുർമു പറഞ്ഞു.
ദ്വീപിലെ വിനോദസഞ്ചാരം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ വീർ സവർക്കർ വിമാനത്താവളം നിർമ്മിച്ചത്. ഇത് ഇവിടേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം വിദേശ വിനോദസഞ്ചാരികളെയും കൂടുതലായി പ്രദേശത്തേക്ക് ആകർഷിക്കുകയും ചെയ്യുന്നു. ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിൽ ആൻഡമാനിലുള്ളത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ആൻഡമാനിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതാണെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. ദ്വീപിന്റെ സുസ്ഥിരതയ്‌ക്ക് പ്രധാന്യം നൽകികൊണ്ടുള്ള വികസനങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പ്രദേശം വൃത്തിയോടെ എന്നും കാത്തു സൂക്ഷിക്കാൻ ദ്വീപ് നിവാസികൾ ശ്രദ്ധിക്കണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു.