ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന്റെ മൊഴിയെടുത്ത് മജിസ്‌ട്രേറ്റ്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ശ്യാം ജി ചന്ദ്രന്റെ മൊഴിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്. മക്കളെ കാണാൻ ഭാര്യ അനുവദിച്ചില്ലെന്നും വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ആരതി കള്ളക്കേസ് നൽകിയതായും ശ്യാം മൊഴി നൽകി. പലവട്ടം ഭാര്യയെ കാണാൻ ശ്രമിച്ചെങ്കിലും ആരതി അതിന് വഴങ്ങാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ശ്യാമിനും പൊള്ളലേറ്റിരുന്നു. 70 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ് ഇയാൾ.
ഇന്നലെ രാവിലെ ചേർത്തല ആശുപത്രിക്ക് സമീപത്ത് വച്ചാണ് ഭാര്യയായ ആരതിയെ, ശ്യാം പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്. ആരതിയുടെ പേരിലുള്ള സ്ഥലം വിറ്റ് പണം നൽകണമെന്നാവശ്യപ്പെട്ട് ഇയാൾ യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളും ഇയാൾക്കെതിരെ പാണക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. വഴക്കിനെ തുടർന്ന് ഏറെ നാളായി വേർപിരിഞ്ഞു കഴിയുകയായിരുന്ന ആരതിയെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. ജോലി സ്ഥലത്ത് വന്നും യുവതിയെ ഭർത്താവ് ശല്യം ചെയ്തിരുന്നതായി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു.















