തിരുവനന്തപുരം: വർക്കലയിൽ മൃതദേഹം തെരുവുനായ്‌ക്കൾ കടിച്ച നിലയിൽ കണ്ടെത്തി. ചാവർകോട് സ്വദേശി അജിത് ദേവദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 20 ദിവസത്തോളം പഴമുള്ള മൃതദേഹമാണിതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു ആളൊഴിഞ്ഞ പുരയിടത്തിന് സമീപത്തുള്ള തോട്ടത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് തെരുവുനായ്‌ക്കൾ കടിച്ച നിലയിൽ അജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരയ്‌ക്ക് താഴെ നായ്‌ക്കൾ കടിച്ചെടുത്ത നിലയിലായിരുന്നു. ആദ്യഘട്ടിൽ മൃതദേഹം ആരുടേയാണെന്ന് തിരിച്ചറിയുന്നതിൽ പ്രയാസം നേരിട്ടിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ചാവർകോട് ഗംഗാലയം വീട്ടിൽ അജിത്തിന്റെ മൃതദേഹമാണിതെന്ന് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.