ഇൻസ്പെക്ടർ സ്റ്റേഷനിൽ വെടിയിതുർത്ത് ജീവനൊടുക്കി. അഹമ്മദാബാദ് നാസിക്കിലെ അമ്പാദ് പോലീസ് സ്റ്റേഷനിലായിരുന്നു നടക്കുന്ന സംഭവം. സർവീസ് തോക്കിൽ നിന്നാണ് അശോക് നജൻ (40) സ്വമേധയ വെടിയുതിർത്തത്. രാവിലെ പത്തോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നിലെ കാരണം ദുരൂഹമാണ്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പതിവുപോലെ ഡ്യൂട്ടിക്കെത്തിയ ഇയാൾ കാബിനിൽ കയറി പോയിന്റ് ബ്ലാങ്കിൽ തലയിലാണ് വെടിവച്ചത്. കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മറ്റു പോലീസുകാർ ഹാജർ രേഖപ്പെടുത്തുന്നതിനിടെ വലിയൊരു വെടിയൊച്ച കേൾക്കുകയായിരുന്നു. അവർ കാബിനിൽ എത്തുമ്പോൾ അശോക് ചോരവാർന്ന് മരിച്ച നിലയിലായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മോണിക്ക റൗട്ട്, അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ശേഖർ ദേശ്മുഖ്, സീനിയർ പോലീസ് ഇൻസ്‌പെക്ടർ ദിലീപ് ഠാക്കൂർ എന്നിവർ സ്റ്റേഷനിലെത്തി. നജന്റെ ആത്മഹത്യയ്‌ക്ക് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് കമ്മീഷണർ സന്ദീപ് കാർണിക്, ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ പ്രശാന്ത് എന്നിവരും അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. മലയാളത്തിൽ പുറത്തിറങ്ങിയ ഇരട്ട എന്ന ജോജുജോർജ് ചിത്രത്തിലെ സംഭവത്തിന് സമാനമാണ് നാസിക്കിലെ പോലീസ് സ്റ്റേഷനിലും സംഭവിച്ചത്. കാരണം മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്.