ജയ്പൂർ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ദീർഘനാളത്തെ ആവശ്യമായ രാമക്ഷേത്രം കോൺഗ്രസ് സർക്കാരുകൾ യാഥാർത്ഥ്യമാക്കിയില്ല എന്നും രാമക്ഷേത്രം പൂർത്തിയായപ്പോൾ കോൺഗ്രസ് ആ മഹത്തായ ചടങ്ങിനെ ബഹിഷ്കരിച്ചുവെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാമക്ഷേത്ര വിഷയം കോൺഗ്രസ് തീർപ്പാക്കിയില്ല. ലോകം മുഴുവൻ ആരാധിക്കുന്ന ഭഗവാൻ രാമൻ ടെന്റിലായിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് ആഗ്രഹിച്ചില്ല. ഒരു ഘട്ടത്തിലും ക്ഷേത്രം പണിയാൻ കോൺഗ്രസ് ഉദ്ദേശിച്ചിരുന്നുമില്ല. എന്നാൽ രാമക്ഷേത്രം പണിയുമെന്ന് ഞങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ക്ഷേത്രം ബിജെപി എന്ന് നിർമ്മിക്കും എന്ന് പറഞ്ഞ് അവർ ഞങ്ങളെ പരിഹസിച്ചു. എന്നാൽ രാമക്ഷേത്രം പണിയുമെന്ന ഞങ്ങളുടെ വാഗ്ദാനം ജനുവരി 22-ന് ഞങ്ങൾ നിറവേറ്റി. പക്ഷെ, ചടങ്ങിന്റെ ക്ഷണം കോൺഗ്രസ് നിരസിച്ചു’- അമിത് ഷാ പറഞ്ഞു.















