കൊച്ചി: വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ മഹാരാജാസ് കോളേജിലെ അറബിക് അദ്ധ്യാപകൻ കെഎം നിസാമുദ്ദീനെ സ്ഥാലം മാറ്റി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. അറബിക് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് അദ്ധ്യാപകനെ സ്ഥലം മാറ്റിയത്.
വിദ്യാർത്ഥിനികളെ അധിക്ഷേപിച്ചെന്നും മോശമായി പെരുമാറി എന്നുമായിരുന്നു വിദ്യാർത്ഥികളുടെ പരാതി. ഈ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അദ്ധ്യാപകനെ സ്ഥലം മാറ്റിയത്.
വിദ്യാർത്ഥികളെ ക്ലാസിൽ വച്ച് അപമാനിക്കുകയും ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ ഒരുതരത്തിലുമുള്ള നീക്കങ്ങളും ഉണ്ടാകാതെ വന്നതോടെയാണ് വിദ്യാർത്ഥികൾ പോലീസിൽ പരാതിപ്പെട്ടത്. നിസാമുദ്ദീൻ മോശമായി സംസാരിച്ചതിന്റെ ശബ്ദരേഖയും വിദ്യാർത്ഥികൾ പുറത്തുവിട്ടിരുന്നു.