ദിസ്പൂർ: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പശ്ചിമ ബംഗാളിലെ അവസ്ഥ വളരെ മോശമാണെന്നും ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത അതിക്രമങ്ങളാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സന്ദേശ്ഖാലിയിലെ സത്യാവസ്ഥ പുറത്തുകാണിക്കാൻ ശ്രമിക്കുന്ന മാദ്ധ്യമപ്രവർത്തകരെ പോലും ബംഗാൾ പോലീസ് വെറുതെവിടുന്നില്ല. കാരണമില്ലാതെ അവരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയാണ് മമതയുടെ പോലീസ്. ഒരാൾക്ക് ചിന്തിക്കാൻ പോലും സാധിക്കാതെ സംഭവമാണ് ബംഗാളിലുണ്ടായത്. ഇതുപോലെയുള്ള അതിക്രമങ്ങൾ ചെയ്യുന്ന ഒരു സർക്കാരും അധികകാലം ഭരണത്തിൽ തുടരില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സന്ദേശ്ഖാലി സന്ദർശിക്കാനെത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ പോലീസ് തടഞ്ഞിരുന്നു. ബിജെപി എംഎൽഎമാരായ അഗ്നിമിത്ര പോൾ, ശങ്കർ ഘോഷ്, ബിഷാൽ ലാമ, സുമിത സിൻഹ റോയ്, തപസി മണ്ഡൽ എന്നിവർക്കൊപ്പമാണ് അധികാരി സന്ദേശ്ഖാലിയിലെത്തിയത്. എന്നാൽ വഴിമദ്ധ്യേ പോലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു.















