തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മണക്കാട് ഐരാണിമുട്ടം സ്വദേശി ഷിബു കുമാറിനെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയിൽ ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്.
2022 ഏപ്രിൽ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതി മിക്കപ്പോഴും അശ്ലീലച്ചുവയോടെ കുട്ടിയോട് സംസാരിക്കുമായിരുന്നു. സംഭവദിവസം കുട്ടി പരീക്ഷയോടനുബന്ധിച്ച് വീടിനുള്ളിലിരുന്ന് പഠിക്കുകയായിരുന്നു. ഉച്ചയോടെ ഇവിടെയെത്തിയ പ്രതി കുട്ടിയെ വിളിച്ചു. ശബ്ദം കേട്ട് ജനലിലൂടെ നോക്കിയ പെൺകുട്ടിക്ക് നേരെ ഷിബു നഗ്നതാപ്രദർശനം നടത്തുകയും അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു.
തടവ് ശിക്ഷയ്‌ക്ക് പുറമെ പിഴ തുക അടയ്‌ക്കാത്ത പക്ഷം ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടതായി വരും.പിഴ തുക ലഭിച്ചാൽ അത് കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.