തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ കാലയളവ് പതിനഞ്ചിൽ നിന്നും 22 വർഷമായി ഉയർത്തി. സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം ) ഇലക്ട്രിക്കൽ ആയോ അല്ലെങ്കിൽ എൽപിജി-സിഎൻജി-എൽഎൻജി ആയോ മാറ്റിയാൽ മാത്രമേ സർവീസ് നടത്താനാകുവെന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മുമ്പ് 15 വർഷം വരെ മാത്രമായിരുന്നു കാലാവധി ഉണ്ടായിരുന്നത്. ഗുഡ്‌സ് വാഹനങ്ങൾ ഈ നിയമപരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. ഫിറ്റ്‌നസ് അനുസരിച്ച് സർവീസ് നടത്താം എന്നതായിരുന്നു മാനദണ്ഡം.
മോട്ടോർ വാഹനവകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു. 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം ) ഇലക്ട്രിക്കൽ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാൽ മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ ഇത് 15 വർഷം ആയിരുന്നു.















