എല്ലാവിധത്തിലും മുസ്ലീം സമൂഹത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ് എന്ന് ഫസൽ ഗഫൂർ. ഹിന്ദു സമൂഹത്തോട് ചെയ്ത നെറികേടുകളടക്കം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പാർട്ടിയെ ഫസൽ ഗഫൂർ വാനോളം പുകഴ്‌ത്തിയത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ കോൺഗ്രസ് പങ്കെടുക്കാതിരുന്നത് മുസ്ലീം പാർട്ടികളോടുള്ള സ്നേഹം കൊണ്ടാണെന്നും പട്ടികജാതി പട്ടിക വർഗക്കാരുടെ സംവരണം പോലും മുസ്ലീങ്ങൾക്ക് കോൺഗ്രസ് അനുവദിച്ച് തന്നിട്ടുണ്ടെന്നും ഫസൽ ഗഫൂർ പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മുസ്ലീം ഉമ്മത്ത്, നയം സമീപനം എന്ന വിഷയത്തിൽ സംസാരിച്ച ഫസൽ ഗഫൂറിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“ജവഹർലാൽ നെഹ്‌റു മുതലുള്ളവരെ തൊട്ട് എടുത്ത് പരിശോധിക്കാം. ജവഹർലാൽ നെഹ്‌റുവിന്റെ കാലഘട്ടത്തിൽ ഇന്ത്യയിൽ 15 ഭാഷയുള്ളതിൽ ഉറുദു ഒരു ഭാഷയായിരിക്കണം എന്ന് പറഞ്ഞു. ഹിന്ദിയും അതിലൊരു ഭാഷ മാത്രമാണ്. രണ്ടാമത്, ഭാഷയുടെ പേരിൽ സംസ്ഥാനങ്ങൾ വേണമെന്ന് പറഞ്ഞപ്പോൾ അതും സാധ്യമായി. ലക്ഷദ്വീപ് ഉണ്ട്, ജമ്മു കശ്മീർ ഉണ്ട്. ആർട്ടിക്കിൾ 370 ബിജെപി എടുത്ത് മാറ്റിയെങ്കിലും കോൺഗ്രസ് 70 കൊല്ലം നിലനിർത്തി. സ്വാതന്ത്ര്യ സമരകാലത്ത് ഇവിടെ സംവരണം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് സംവരണം വന്നു. ഓരോ സംസ്ഥാനത്തും സംവരണം വന്നു. പിന്നെ, ഇന്ത്യയിലാകമാനം മുസ്ലീങ്ങൾക്ക് സംവരണം വന്നു. അതുകൊണ്ടാണ് ഇന്ത്യയിൽ മുസ്ലീം ഐഎഎസ് ഓഫീസർമാരെയടക്കം കാണാൻ കഴിയുന്നത്”.
“ന്യൂനപക്ഷ പദവി കൊണ്ടുവന്നു. മുസ്ലീങ്ങൾ എന്ന് എഴുതിയിട്ടില്ലെങ്കിലും ന്യൂനപക്ഷ പദവി കോൺഗ്രസ് കൊണ്ടുവന്നു. നമുക്ക് സ്വന്തമായി സ്ഥാപനങ്ങൾ നടത്താൻ കഴിയും. വേണമെങ്കിൽ നൂറിൽ നൂറ് സീറ്റിലും നമ്മുടെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ കൊടുക്കാൻ കഴിയും. നമ്മുടെ സമൂഹത്തിലെ ആൾക്കാരെ അദ്ധ്യാപകരാക്കാം. അതിന് എതിരായിട്ട് ആരെങ്കിലും നിൽക്കുകയാണെങ്കിൽ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചോളൂ എന്ന് യുപിഎ സർക്കാർ പറഞ്ഞു. ഇത് പ്രായോഗികമായി നടപ്പാക്കുന്നവരാണ് ഞങ്ങൾ. നൂറിലധികം എംഇഎസ് സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവിയുണ്ട്. ഇനി വല്ല നിയമവും കൊണ്ടുവന്ന് ബിജെപി സർക്കാർ അതിനെ എടുത്ത് കളഞ്ഞാലേ ഉള്ളൂ”.
“മുസ്ലീം പാർട്ടികൾക്ക് അനുകൂലമായിട്ടാണ് കോൺഗ്രസ് പാർട്ടി നിന്നിട്ടുള്ളത്. ഇപ്പോഴും കോൺഗ്രസിന്റെ സമീപനം അങ്ങനെ തന്നെയാണ്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠക്ക് ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ പോയോ ആരും പോയിലല്ലോ. ലക്ഷദ്വീപിലെ ആളുകൾക്ക് ഗിരിവർഗ സ്റ്റാറ്റസ് വരെ കൊടുത്തിട്ടുണ്ട്. അതിനൊപ്പം പട്ടികജാതി പട്ടിക വർഗക്കാരുടെ സംവരണം ലഭിക്കുന്നുണ്ട്. ഇതെല്ലാം കോൺഗ്രസ് നടപ്പാക്കിയിട്ടുണ്ട്. എല്ലാവരെയും കൂട്ടുപിടിച്ചുകൊണ്ട് നമുക്ക് മുന്നേറണം. പോരാട്ടത്തിന് മുസ്ലീങ്ങൾ എല്ലാം ഒരുമിച്ച് നിക്കണം”- ഫസൽ ഗഫൂർ പറഞ്ഞു.