ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റ് സമ്പ്രദായത്തിലൂടെ 3,000 വിസകൾ വാഗ്ദാനം ചെയ്ത് യുകെ. ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് കീഴിൽ ബ്രിട്ടണിൽ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ ആഗ്രഹിക്കുന്ന ബിരുദധാരികൾക്കാണ് വിസ അനുവദിക്കുന്നത്. ബാലറ്റ് സംവിധാനം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
18-30 വയസിനിടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വച്ചുള്ളതാണ് പുതിയ സ്കീമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വ്യക്തമാക്കി. യോഗ്യതയുള്ളവർക്ക് www.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാവുന്നതാണ്. ബാലറ്റിൽ അപേക്ഷിക്കുന്നതിനാൽ തന്നെ ഫീസ് നൽകേണ്ടതില്ല. മറിച്ച് വിസ ചെലവായ 31,100 രൂപ അടച്ചാൽ മതിയാകും.
വ്യക്തിവിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനുള്ള സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് മുകളിലേ ഉള്ള യോഗ്യത, 2,530 പൗണ്ട് (2,65,000 ഇന്ത്യൻ രൂപ) ബാങ്ക് സേവിംഗ്‌സ് എന്നിവയാണ് മറ്റ് യോഗ്യതകൾ. രണ്ടാഴ്ചയ്‌ക്കുള്ളിൽ ഫലങ്ങൾ ഇ-മെയിൽ വഴി അയയ്‌ക്കും. തിരഞ്ഞെടുക്കപ്പെട്ടാൽ അപേക്ഷകർക്ക് ഓൺലൈനായി വിസയ്‌ക്ക് അപേക്ഷിക്കാൻ 90 ദിവസം ലഭിക്കും. വിസ ലഭിക്കുന്നവർക്ക് രണ്ട് വർഷം യുകെയിൽ കഴിയാം.















