നടൻ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം ഓർത്തെടുത്ത് നടി ഷക്കീല. ആദ്യ കാലങ്ങളിൽ താരത്തിനൊപ്പം അഭിനയിച്ചതും അന്നുണ്ടായ അനുഭവവുമാണ് ഷക്കീല ഓർത്തെടുക്കുന്നത്. അക്കാലത്ത് വിജയ് തന്നെ വിളിച്ചിരുന്ന പേരും താരം വെളിപ്പെടുത്തി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ‘അഴകിയ തമിഴ് മകൻ’ എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവം ഷക്കീല തുറന്നു പറഞ്ഞിരിക്കുന്നത്.
“സെറ്റിൽ വിജയ് ശാന്തനായിരിക്കും. അധികം സംസാരിക്കില്ല എന്ന് അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച പലരും പറഞ്ഞിട്ടുണ്ട്. അധികം സംസാരിച്ചില്ലെങ്കിലും ഷോട്ട് കഴിഞ്ഞ് കാരവാനിൽ ഇരിക്കില്ല. മറ്റുള്ളവർ അഭിനയിക്കുന്നത് കണ്ടുകൊണ്ട് സെറ്റിലിരിക്കും. വിജയ്‌ക്കൊപ്പമാണ് ആദ്യകാലത്ത് ഞാൻ അഭിനയിച്ചത്. എന്റെ അനുജത്തി വിജയ്‌ക്കൊപ്പം നൃത്തം ചെയ്തിട്ടുണ്ട്. ഒരുമിച്ച് അഭിനയിക്കുമ്പോൾ വിജയും ഞാനും തമ്മിൽ ഒരു പരിചയമുണ്ടായിരുന്നു. എന്നാൽ അതിനു ശേഷം ടച്ച് പോയി. ആ സമയത്താണ് ‘അഴകിയ തമിഴ് മകൻ’ എന്ന മനോഹരമായ തമിഴ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്”.
“വിജയ്‌ക്കൊപ്പമുള്ള കോമ്പിനേഷൻ സീൻ ഉണ്ടാകരുതെന്ന് ഞാൻ സിനിമയുടെ അണിയറ പ്രവർത്തകരോട് പറഞ്ഞു. അതിന് കാരണം, ഒരു കാലത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് അദ്ദേഹം ഒരുപാട് മാറി, അധികം സംസാരിക്കില്ല. അങ്ങനെ എന്നോട് സംസാരിക്കാതിരുന്നാൽ എനിക്ക് വിഷമമാകും. നിങ്ങൾക്കും വിജയ്‌ക്കും ഒരുമിച്ചുള്ള രംഗങ്ങളൊന്നുമില്ല എന്ന് സിനിമാക്കാർ എന്നോട് പറഞ്ഞു. ഞാൻ അത് വിശ്വസിച്ച് ഷൂട്ടിംഗിന് പോയി. എന്നാൽ അവിടെ ചെന്നപ്പോൾ ഞാനും വിജയ്‍യും തമ്മിലുള്ള സീനായിരുന്നു ഷൂട്ട് ചെയ്യാൻ പോകുന്നത്. വിജയ് എന്നെ ഓർക്കുമോ!, അവനോട് എങ്ങനെ സംസാരിക്കും എന്ന് ആലോചിച്ച് ഞാൻ നിന്നു. എന്നാൽ സെറ്റിൽ കയറിയ ഉടൻ ‘ഹായ് ഷക്കീ’ എന്നൊരു വിളി വന്നു”.
“വിജയ് ആ പേര് ഓർത്തെടുത്ത് വിളിച്ചപ്പോൾ ഞാൻ ഞെട്ടി. പെട്ടന്ന് ഞാൻ സ്റ്റക്കായി. ഇത്രയും വർഷം ഞങ്ങൾ തമ്മിൽ ഒരു ഡച്ചും ഇല്ലാതിരുന്നിട്ടും അദ്ദേഹം എന്നെ ഓർത്തു. ഞാനും വിജയ്‍യും എന്താണ് സംസാരിക്കുന്നതെന്ന് സെറ്റിലുള്ളവരെല്ലാം നോക്കി നിന്നു. വിജയ് അധികം സംസാരിക്കില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ, അദ്ദേഹം നന്നായി സംസാരിക്കും”- ഷക്കീല പറഞ്ഞു.