നർത്തകിയെന്ന നിലയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലും ശ്രദ്ധേയയാണ് രഞ്ജിനി കുഞ്ചു. സോഷ്യൽ മീഡിയയിൽ താരം പങ്കുവക്കുന്ന വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്. യുവതാരം സണ്ണി വെയ്‌നെയാണ് രഞ്ജിനി വിവാഹം കഴിച്ചിരിക്കുന്നത്. അഞ്ച് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാൽ പൊതുവേദികളിലും സോഷ്യൽ മീഡിയയിലും അപൂർവ്വമായാണ് ഇരുവരും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ ഇതിന്റെ കാരണം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രഞ്ജിനി. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ നടൻ സണ്ണി വെയിന്റെ ഭാര്യാ എന്നതിനപ്പുറം ഞാൻ ഒരു നർത്തകിയാണ്. എനിക്ക് ഒരു നർത്തകി എന്ന നിലയിൽ അറിയപ്പെടാനാണ് എപ്പോഴും താൽപര്യം. സണ്ണി വെയിനും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. വിവാഹത്തിന് മുമ്പ് നമ്മൾ അടുത്ത സുഹൃത്തുക്കളായിരുന്നു. അതിന് ശേഷമാണ് നമ്മൾ തമ്മിൽ പ്രണയത്തിലായത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങൾ വിവാഹിതരായത്. അന്നും ഞങ്ങളുടെ പ്രണയബന്ധം വളരെ രഹസ്യമാക്കി തന്നെയാണ് വച്ചിരുന്നത്. സണ്ണി വെയിൻ സിനിമയുടെ തിരക്കുകളിലാണ് ഞാൻ എന്റെ ഡാൻസിന്റെ തിരക്കിലുമാണ്. പരസ്പരം രണ്ടു പേരും നല്ല സപ്പോർട്ടാണ് നൽകുന്നത്.’
‘ മണിയറയിൽ അശോകൻ എന്ന ചിത്രത്തിൽ നമ്മൾ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നീടും സിനിമയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും വേണ്ടെന്ന് വക്കുകയായിരുന്നു. എനിക്ക് എപ്പോഴും നർത്തകി എന്ന് അറിയപ്പെടാനാണ് ഇഷ്ടം. ഞാൻ വളരെ അധികം ആലോചിച്ച് തുടങ്ങിയ സംരംഭമാണ് ക്ഷേത്ര. അതിന്റെ കൂടുതൽ പ്രവർത്തനങ്ങളാണ് ഇപ്പോൾ എന്റെ മനസിൽ. അഞ്ച് വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്,
ഇക്കാലത്തിനിടെ ഒരിക്കൽ പോലും സണ്ണി വെയിനിന്റെ ഭാര്യ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിച്ചിട്ടില്ല. അദ്ദേഹത്തിനും അങ്ങനെ തന്നെയാണ്. റിയാലിറ്റി ഷോ കഴിഞ്ഞപ്പോൾ തന്നെ കുറച്ചുപേർക്ക് ഞാൻ സുപരിചിതയായിരുന്നു. വിവാഹം കഴിഞ്ഞതോടെ കുറച്ചു കൂടി സുപരിചിതയായി. അതുകൊണ്ടെല്ലാം തന്നെയാണ് സോഷ്യൽ മീഡിയയിലടക്കം നമ്മൾ ഒരുമിച്ചെത്താത്തത്.’ രഞ്ജിനി കുഞ്ചു പറഞ്ഞു.