ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ തിയേറ്ററിൽ എത്താൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രേമലുവിനും ഭ്രമയുഗത്തിനും ശേഷമുള്ള മറ്റൊരു ഹിറ്റാകും മഞ്ഞുമ്മൽ ബോയ്സെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ. യഥാർത്ഥ സംഭവത്തെ പശ്ചാത്തലമാക്കി വരുന്ന ചിത്രത്തിൽ സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ തുടങ്ങി യുവ താരനിരയാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രം റിലീസിന് മുന്നേ അഡ്വാൻസ് ബുക്കിംഗിലൂടെ യുകെയിൽ 11ലേറെ ഹൗസ്ഫുൾ ഷോകൾ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ യുകെയിലെ വിതരണാവകാശം കരസ്ഥമാക്കിയ ആർഎഫ്‌ടി ഫിലിംസാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചിത്രത്തിന്റെ ബുക്കിംഗ് ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചിരുന്നു. ബുക്കിംഗ് ഓപ്പൺ ആയതോടെ നിരവധി പേരാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നത്.
കൊച്ചിയിൽ നിന്നും വിനോദയാത്രക്കായി കൊടൈക്കാനാലിൽ എത്തുന്ന ഒരു സംഘം യുവാക്കളെ ചുറ്റിപ്പറ്റി അവിടെ നടക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. മഞ്ഞുമ്മൽ ബോയ്‌സിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. സംഗീതം ഒരുക്കുന്നത് സുശിൻ ശ്യാമാണ്.