ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ അടുത്തിടെയായി പല ആരോപണങ്ങളും ഉയർന്നിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഗോപിനാഥ് മുതുകാടിനെതിരെ ആരോപണങ്ങൾ ഉയർന്നത്. മാനസിക വെല്ലുവിളികളുള്ള കുട്ടികളെ ഉപയോഗിച്ച് ഗോപിനാഥ് മുതുകാട് പണം സ്വരൂപിക്കുന്നുവെന്നും വിമർശനമുണ്ട്. അതിന് മറുപടി നൽകിയിരിക്കുകയാണ് മുതുകാട്. ഇത്തരം ആരോപണങ്ങൾ കേരളത്തിന്റെ പ്രത്യേകതകളാണെന്നും ഈ ആക്രമങ്ങൾ കൊണ്ടൊന്നും ഏറ്റെടുത്ത ദൗത്യം പൂർത്തിയാകാതെ പോകിലെന്നുമാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
“സോഷ്യൽ മീഡിയയിലൂടെ ചില വിവാദങ്ങൾ ഉണ്ടായി. 45 വർഷം മാജിക്കിനെ മാത്രം പ്രണയിച്ച് ജീവിച്ച ഒരാളാണ് ഞാൻ. 56 രാജ്യങ്ങളിൽ പെർഫോം ചെയ്തു. ജീവിതത്തിന്റെ അവസാനം വരെ ജാലവിദ്യക്കാരനായി ജീവിക്കണമെന്ന് ചിന്തിച്ച് പോകുമ്പോഴാണ് കാസർകോട് ഒരു പ്രോഗ്രാമിന് പോയത്. എൻഡോസൾഫാൻ ദുരിത മേഖലയാണ്. ഓഡിറ്റോറിയത്തിൽ മുഴുവൻ ഇത് ബാധിച്ച പിള്ളേരെയാണ് ഞാൻ കണ്ടത്. കണ്ണു കാണാത്തവർ, കാത് കേൾക്കാത്തവർ, വലിയ തലയുള്ളവർ. അവരെ പിടിച്ചുകൊണ്ട് നിക്കുന്ന അമ്മമാർ. അത് കണ്ടതോടെ പാതി തളർന്നു”.
“ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ പറ്റാത്ത ഒരു കുട്ടിക്ക് അമ്മ ചോറ് കൊടുക്കുന്നത് ഞാൻ കണ്ടു. സ്വയം ചവച്ചരച്ച ശേഷം ആ അമ്മ കുട്ടിക്ക് വായിൽ ഭക്ഷണം കൊടുക്കുന്നു. അന്നാണ് ഞാൻ ആദ്യമായിട്ട് ചിന്തിച്ചത്. ഞാൻ പോകുന്ന ലോകത്തു കൂടിയല്ല, മറ്റൊരു ലോകത്തേക്കാണ് പോകേണ്ടതെന്ന്. 23 കുട്ടികളെ വച്ചാണ് തുടങ്ങിയത്. ആ കുട്ടികളെ മാജിക് പഠിപ്പിച്ച് ജീവിതമാർഗം ഉണ്ടാക്കി കൊടുക്കാൻ തുടങ്ങി. അവരെല്ലാം ലക്ഷങ്ങൾ ഇന്ന് സമ്പാദിക്കുന്നു. അങ്ങനെ ആ കുട്ടികളെ മാറ്റാൻ കഴിഞ്ഞു. അപ്പോഴാണ് ഇത് കുറച്ചൂകൂടി വലുതാക്കണമെന്ന് തോന്നിയത്. ഇതുവരെ ഞാൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല”.
“കേരളത്തിന്റെ കാര്യമറിയാമല്ലോ. വലിയ ഒരു വളർച്ചയിലേയ്‌ക്ക് പോകുമ്പോൾ അവരെ പിടിച്ച് താഴേയ്ക്കിടാൻ ശ്രമിക്കും. അങ്ങനെ കുറച്ച് മാസങ്ങളായി ഈ ട്രസ്റ്റിനെതിരെ ശക്തമായ ആക്രമണങ്ങൾ നടക്കുകയാണ്. പക്ഷെ, എത്ര ആക്രമിച്ചാലും നമ്മൾ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കും. ഈ ട്രസ്റ്റ് എല്ലാ ജില്ലകളിലും തുടങ്ങിയ ശേഷം മാത്രമെ അവസാനിപ്പിക്കൂ എന്നതാണ് തീരുമാനം”- ഗോപിനാഥ് മുതുകാട് പറഞ്ഞു.















