സിനിമാസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനവുമായെത്തിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. തിയേറ്ററിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത് സിനിമ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് ഭ്രമയുഗം എന്ന് പേരിടാനുള്ള കാരണത്തെകുറിച്ച് കുറിച്ച് തുറന്നുപറയുകയാണ് രാഹുല്‍ സദാശിവന്‍. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഭ്രമയുഗം എന്ന പേര് കുറെ കാലം മുതൽ തന്നെ മനസിൽ വന്നതാണ്. സത്യം പറഞ്ഞാൽ ഭൂതകാലത്തിന് മുമ്പ് തന്നെ ഭ്രമയുഗം മനസിലുണ്ടായിരുന്നു. ആ പേര് വേണമോ വേണ്ടയോ എന്നതായിരുന്നു പിന്നെയുള്ള ചിന്ത മുഴുവൻ. ‘ബി’ എന്ന അക്ഷരത്തിൽ തുടങ്ങണമെന്നും ‘എം’എന്ന അക്ഷരത്തിൽ അവസാനിക്കണമെന്നും തോന്നിയിരുന്നു. അത് മനസിലുള്ളത് കൊണ്ടാണ് ‘ഭ്രമയുഗം’ എന്നിടാൻ തീരുമാനിച്ചത്’- രാഹുല്‍ സദാശിവന്‍ പറഞ്ഞു.
മലയാള സിനിമ ഇന്ന് വരെ കാണാത്ത പ്രകടനവുമായാണ് ഭ്രമയുഗം തിയേറ്ററിലെത്തിയത്. ആദ്യ ഷോ മുതൽ വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനം 42 ലക്ഷമാണ് ചിത്രം കർണാടകയിൽ നേടിയത്. റിലീസ് ദിനത്തിൽ തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.















